Friday, May 9, 2014

ഞങ്ങളുടെ സ്വന്തം പൂരം കൊടിയിറങ്ങി



ഇപ്പോള്‍ തൃശൂര്‍ പൂരം പോടീ പോടിക്കുകയാവും. 
കുറച്ചകലെ ചാലക്കുടിയില്‍ ഞാനറിയുന്ന ഏറ്റവും വലിയ പൂരക്കമ്പക്കാരനായ ഞങ്ങളുടെ അരുണ്‍ അവസാന യാത്രയ്ക്ക് തയ്യാറായ് നടുവത്തുമന ഇല്ലത്തിന്റെ മുറ്റത്ത് കിടക്കുന്നുണ്ട്. അസുര മേളത്തിന്റെ പ്രകമ്പനങ്ങള്‍ ഞങ്ങളുടെ മനസിലാണ് മുഴങ്ങുന്നത്. 

വടക്കുംനാഥന്‍ അറിഞ്ഞിട്ടുണ്ടാകുമോ ഇത് ..!!!!!

അങ്ങയെ കാണാന്‍, അങ്ങയുടെ പൂരം ആസ്വദിക്കാന്‍ പുറപ്പെട്ട ഞങ്ങളുടെ അരുണ്‍ വഴിയില്‍ മരിച്ചു വീണത് ...?

 ഇനി ഒരു പൂരത്തിനും അരുണ്‍ ഉണ്ടാവില്ല. ആനകളെ നോക്കി കണ്ണിറുക്കി കാണിക്കാന്‍, മേളം മുറുകുമ്പോ സ്വയം മറന്നു താളം പിടിയ്ക്കാന്‍, ഇനി അവന്‍ ഇല്ല.
   
കഴിഞ്ഞ കലിക്കലെ പൂരത്തിനാണ് ഞാന്‍ അവനെ അവസാനമായ് കണ്ടത്, എന്നെ കാണാന്‍ വന്നതാണെന്ന് പോലും മറന്ന് അവന്‍ പൂരത്തില്‍ മുഴുകി.
മേളത്തിന് താളം പിടിച്ചു.
ആനകളുടെ ഫോട്ടോ എടുത്തു.
ഒരു രസത്തിനു ആ രംഗം ഞാന്‍ ക്ലിക്ക് ചെയ്തു.





എന്റെ നാട്ടിലെ ഉത്സവം വരുമ്പോ ആനകളുടെ പേരുകള്‍ പറഞ്ഞു കൊതി കയറ്റിയാണ് ഞാന്‍ അവനെ വരുത്തുക. ഇനി അവനില്ല,   
പൂരക്കമ്പങ്ങളുടെ കഥകളുമില്ല. 

ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഞാന്‍ ആദ്യമായ് അവനെ കാണുന്നത്. 
MBA ക്ക് ഒരേ ക്ലാസില്‍, അന്ന് തുടങ്ങിയതാണ്‌ ആ സൌഹൃദം. അരുണും ഞാനും അനൂപും, വിഷ്ണുവും, വിപിനും എല്ലാം ഒരേ ട്രെയിനില്‍ എന്നും കോളേജിലെയ്ക്ക് . നേരം പോക്കുകളുടെ പൊടി പൂരമായിരുന്നു യാത്രകള്‍. 

ദൂരെ നില്‍ക്കുന്ന ആനയെ ചൂണ്ടിക്കാട്ടി വിഷ്ണു അരുണിനോട് ചോദിക്കും " അത് ഏതു ആനയാന്നെന്നു. പറയാമോ..."
ഞങ്ങളെയൊക്കെ അതിശയപ്പെടുതതികൊണ്ട് ഒരു സംശയവും കൂടാതെ അവന്‍ ആനയുടെ പേര് പറയുമായിരുന്നു. "ആനപ്രന്തന്‍" എന്ന് അവനെ ആദ്യമായ് വിളിച്ചതും ഞാനായിരുന്നു. 

പഠനം കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞങള്‍ പഴയ പോലെ തന്നെയായിരുന്നു. ഓരോ തവണയും എന്നെ വിളിയ്ക്കുമ്പോഴും അവന്‍ പറയും " എല്ലാം ശേരിയാവുമെടാ, നീ വിഷമിക്കല്ലേ", പണ്ട് ഞാന്‍ ലോ കോളെജിനു വേണ്ടി ചെയ്ത സിനിമ മുടങ്ങിയപ്പോ അവന്റെ കോള് എന്നെ തേടി വന്നു " എന്തിനാടാ വിഷമിക്കുന്നേ, മജീദി മജീദി 45-൦ വയസിലല്ലേ ആദ്യ സിനിമയെടുത്തത് നിന്റെം സമയം വരുമെടാ" ചെറിയ വാക്കുകള്‍കൊണ്ട് അവന്‍ എന്റെ സങ്കടം മാറ്റികളഞ്ഞു.  
  
ഇന്ന് രാവിലെ ഓ.വി യുടെ കോളാണ് എന്നെ ഉറക്കത്തില്‍ നിന്ന് എന്നീപ്പിച്ചത്, അവന്റെ ശബ്ദം ചിലമ്പിച്ചിരുന്നു " നമ്മുടെ നോമേട്ടന്‍ ഇനിയില്ല എന്ന് പറഞ്ഞോപ്പിക്കാന്‍ അവന്‍ വല്ലാതെ ബുദ്ധിമുട്ടി.
 
 ഇതെഴുതികൊണ്ടിരിയ്ക്കുമ്പോള്‍ എന്റെ ചെവിയില്‍ മുഴങ്ങുന്നത് അനൂപിന്റെയും, ജോണിന്റെയും കരച്ചിലാണ്. 
അരുണ്‍ മരിച്ചു എന്നത് സത്യമാണെന്ന് എന്നെ വിശ്വസിപ്പിക്കുന്നത് അവരുടെ കരച്ചിലാണ്. 

ഒരു കൊല്ലവും മറക്കാതെ എന്റെ പിറന്നാള്‍ ഓര്‍ത്തിരുന്ന, പഴവങ്ങാടിയില്‍ എനിക്ക് വേണ്ടി മുടങ്ങാതെ തെങ്ങയടിച്ചിരുന്ന,  ഞാന്‍ നന്നായി കാണണം എന്ന് എന്നേക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചിരുന്ന എന്റെ നോമേട്ടന്‍ ഇനി ഇല്ല.  ഇപ്പൊ കൊടിയിറക്കവും കഴിഞ്ഞിരിയ്ക്കും.

ഇനിയൊന്നു ഉറങ്ങാന്‍ കിടക്കണം, തീരാറായ റമ്മിന്റെ കുപ്പിയില്‍ ഇന്നേയ്ക്ക് ഞാന്‍ നിന്നെ മറക്കും.

"പ്രിയപ്പെട്ട നോമേട്ടാ നമുക്കിടയിലുള്ളതു  ഒരു ചെറിയ ഇടവേള മാത്രമാണ്. നീയവിടെ കാര്യങ്ങള്‍ ഒക്കെ ഒന്ന് സെറ്റ് ആക്കുംബോഴേക്കും പതിയെ ഞങ്ങളും അങ്ങെത്താം. ബോറടിപ്പിക്കാത്ത പുതിയ തമാശകളുടെ സ്റ്റോക്കുമായി.....





     
















   

1 comment:

  1. ഓര്‍മ്മകളാണ് എല്ലാം അതില്‍ ചിലതൊക്കെ മരവിച്ച ഓര്‍മ്മകള്‍....

    ReplyDelete