Friday, October 25, 2013

ഇടനാഴികള്‍

മലയാളം ഡിപ്പാര്‍ട്ട്മെന്റിലെ നീണ്ട ഇടനാഴിയില്‍ കയ്യിലൊരു പൂവുമായി നില്‍ക്കുന്ന രവി. 
ഉച്ച ഭക്ഷണം കഴിഞ്ഞു കൈ കഴുകാന്‍ മഞ്ജു ഇതിലേ വരും. ചുമരിന്റെ മറയില്‍ ഞങ്ങള്‍. 

" ഇന്നെങ്കിലും ഇവന്‍ ഇതൊന്നു പറഞ്ഞാല്‍ മതിയായിരുന്നു " പാച്ചന്റെ കമന്റ്.

ഇടനാഴിയുടെ അങ്ങേ അറ്റത്തുനിന്ന് അവള്‍ നടന്നു വരുന്നു. രവി ഞങ്ങളെ തിരിഞ്ഞു നോക്കി.

" അങ്ങോട്ട്‌ നോക്കടാ പുല്ലേ,,,," വാതിലിനു മറയിലേക്ക് മുങ്ങുന്നതുനു മുന്‍പ് സേതു.

മഞ്ജു അടുത്തെത്തി. രവി ഷര്‍ട്ടിന്റെ കോളര്‍ നേരെയാക്കി ചുണ്ട് നനച്ചു.
" അവന്‍ റെഡിയാണ് ട്ടാ...." പാച്ചന്‍. 

അവള്‍ രവിയുടെ അടുത്ത് നില്‍ക്കുന്നു, എന്തോ സംസാരിക്കുന്നുണ്ട് . ഞങ്ങള്‍ ചെവി കൂര്‍പ്പിച്ചു. ഒന്നും കേള്‍ക്കുന്നില്ല. മഞ്ജു ഒരു കടലാസ്തുണ്ട് അവനു കൊടുക്കുന്നു.

എന്താവും അത് . എല്ലാവര്‍ക്കും ടെന്‍ഷനായി.
ലെറ്റര്‍ ആവോ ...? പാച്ചനൊരു ഡൌട്ട്.

അവള്‍ നടന്നു പോയതും ഞങ്ങള്‍ ഓടിച്ചെന്ന് അവന്റെ കയ്യിലെ കടലാസ് തുണ്ട് തട്ടിപ്പറിച്ചു.
ഓഫ് കളര്‍ പ്രിന്റിങ്ങില്‍ ഒരു കടലാസ് കഷ്ണം.
" പട്ടാളി അയ്യപ്പന്‍ വിളക്ക് സമ്മാന കൂപ്പണ്‍ 2 രൂപ.
എല്ലാവരും രവിയുടെ നേരെ തിരിഞ്ഞു.

ഇത് വാങ്ങാനാണോടാ പുല്ലേ ഇത്രേം നേരം ഇവിടെ കുറ്റീം അടിച്ചു നിന്നേ ... ? 
അവള്‍ടെ അമ്മൂമ്മേടെ സമ്മാന കൂ ......... " പാച്ചന്‍ ദേഷ്യം കൊണ്ട് അലറി. 

"ഇതും കൂട്ടി 16 തവണയായി ഈ പണി , ഒരു പെണ്ണിനോടു ഇഷ്ട്ടം പറയാനുള്ള ധൈര്യമില്ലെങ്കില്‍ ഈ പണിക്കു പോകണ്ടാട്ടാ" സേതു ആ കൂപ്പണ്‍ കീറി എറിയുന്നതിനിടെ രവിയോട് പറയുന്നു.

ഒന്നും മിണ്ടാതെ രവി ആ കീറിയെറിഞ്ഞ കടലാസ് കഷ്ണങ്ങളെ നോക്കി നിന്നു.

പിന്നെയും പലവട്ടം ആ സീന്‍ തന്നെ റിപ്പീറ്റ് ചെയ്തു. 22 തവണ വരെ അത് നീണ്ടു.

ബിയറിന്റെ ഹാങ്ങോവറില്‍ ഹോസ്റ്റലിന്റെ മുകളില്‍ നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോള്‍ രവി പറയുമായിരുന്നു
" നാളെ ഞാന്‍ എന്തായാലും പറയും."

വര്‍ഷങ്ങള്‍ കഴിഞ്ഞു. അവിടെ നിന്ന് പോന്നതിനു ശേഷം അവരെ ആരെയും ഞാന്‍ കാണാറില്ലായിരുന്നു.
ഇന്നലെ തൃശ്ശൂരിലെ സിറ്റി സെന്ററില്‍ വച്ച് ഞാന്‍ മഞ്ജുവിനെ കണ്ടു. തടിചു വീര്‍ത്ത അവളുടെ പുറകില്‍ രണ്ടു ആണ്‍ കുട്ടികള്‍. അടുത്ത് വിളിച് ഞാന്‍ അവരുടെ പേര് ചോദിച്ചു.
നാണത്തോടെ അവര്‍ പറഞ്ഞു 

ശ്രാവണ്‍ രവി.
സുമന്‍ രവി.
..................................................................................

തെല്ലൊരു അതിശയത്തോടെ താന്നെയാണ് ഞാന്‍ രവിയെ ഇപ്പോഴോര്‍ക്കുന്നത്. എങ്ങിനെയായിരിക്കും രവി അവളോട്‌ അത് പറഞ്ഞിട്ടുണ്ടാവുക...? അതോ ഇപ്പോഴും അവന്‍ അത് പറഞ്ഞിട്ടുണ്ടാകില്ലേ....?