Sunday, November 1, 2009

"ജ്വാലകൾ ശലഭങ്ങൾ" U.A.Eപുസ്തക പ്രകാശനം..‍.

രാവിലെ സമയം 9.30
ബര്‍ദുബായില്‍ കിടന്ന് തേരാ പാരാ തെണ്ടിനടക്കുന്നു,എവിടെ നോക്കിയാലും ഹോട്ടലുകള്‍. എവിടെയാണാവോ നമ്മുടെ മെജസ്റ്റിക്ക് ഹോട്ടല്‍..?
കാ‍റിന്റെ വിന്റൊ താഴത്തി തലപുറത്തേക്കിട്ട് ഞാന്‍ നോക്കിക്കൊണ്ടിരുന്നു.
ബ്ലോഗറുടെ മുഖച്ചായയുള്ള ഒരുത്തനേം ഞാനാ വഴിയരികില്‍ കണ്ടില്ല
എല്ലാവരും നല്ല മാന്യന്മാര്‍.

ഹൊ... ആരോടെങ്കിലും ഒന്ന് ചോദിച്ചാലോ അച്ചായാ...
ഡ്രൈവിങ് സീറ്റിലിരുന്ന അച്ചായന്‍ എന്നെയൊന്ന് തുറുപ്പിച്ച് നോക്കി
“യേത് കുരുത്തം കെട്ട സമയത്താണാവോ ഇവനെ ഡ്രോപ്പ് ചെയ്യാമെന്നേറ്റ് പോയത്...!!”
നല്ലോരു വെള്ളിയാഴ്ച്ചയായ്ട്ട് രാവിലെ തന്നെ തെണ്ടാനാണല്ലോ ഈശോയേ എന്റെ വിധി...
ചോദിക്കെടാ ഒന്ന്....”
അച്ചാ‍യന്‍ അമറി
ഞാന്‍ തല പുറത്തേക്കിട്ടു..." ദാണ്ടെ നില്‍ക്കുന്നു ഒരുത്തന്‍ .
ഭായ് ആപ്പ്....മെജസ്റ്റിക്ക് മാലൂം കാ...കേ
ഹയ്യോ... ബുദ്ധിമുട്ടണ്ട മോനേ ഞാന്‍ മലയാളിയാ..അയ്യാള്‍ കാറിനടുത്തേക്ക് വന്നു.
ഹൊ സമാധാനമായ് .!
അല്ലേ ഞാനിപ്പോ ഹിന്ദി പറഞു തല്ലു വാങിയേനെ...!!
10 ആ‍ാം ക്ലാസ്സില്‍ ഹിന്ദി പരീക്ഷ പാസാവാന്‍ ഞാന്‍ കഷട്ടപ്പെട്ടതിന്റെ ഭാഗമായ് പിന്നെ ഒരു കാലത്തും ഹിന്ദിയെ സ്നേഹിക്കാന്‍ എനിക്കു പറ്റിയിട്ടില്ല,
പക്ഷേ അതിനു പകരമായ് ഹിന്ദിയെടുത്തിരുന്ന വത്സല ടീച്ചറുടെ മോളെ ഞാനൊന്ന് സ്നേഹിക്കാന്‍ ശ്രമിച്ചതാണ് ഞാനും ഹിന്ദിയുമായുള്ള അവസാന ബന്ധം.

ചേട്ടാ ഈ മെജസ്റ്റിക്ക് ഹോട്ടല്‍ എവിടെയാ...
ദോണ്ടെ മോനേ ലാ... വളവിന്റെ അപ്രത്താ... നേരെ വിട്ടോട്ടാ....”
ചേട്ടന്റെ നല്ല നാടന്‍ ഫാഷ...
ഹോട്ടലിന്റെ മുന്പിലേക്കെത്തുന്നതിനു മുന്‍പേ ഞാന്‍ കണ്ടു വെള്ളേം വെള്ളേം ഉടുത്ത് വിശാലമായ് ചിരിച്ചുകോണ്ടൊരാള്‍
ഇശ്വരാ... ഇതു വിശാലമനസ്കന്‍ തന്നെ.. കൊടകര അങാടീല് നില്‍ക്കണ പോലെ മുണ്ടിന്റെ ഒരു തല കേറ്റിപ്പിടിച്ചോണ്ട് ഒരു സ്റ്റൈലന്‍ നില്‍പ്പ്..
ഒരു ഘടാഘടിയന്‍.(ഇതിന്റെ അര്‍ഥം എന്താണെന്ന് എനിക്കറിയില്ല, ഒരു ഗുമ്മിന് വേണ്ടി ഇട്ടതാ ഇനി വല്ല തെറീം ആണോ ആവോ)
ഞനൊന്ന് വിനയകുശലനായ്( ഇതിന്റേം അര്‍ഥം അറിയില്ല...വിനയത്തോടെ എന്നാ ഉദ്ദേശിച്ചേട്ടാ..) ചിരിച്ചു.
തിരിച്ച് സംശയത്തോടെ ഒരു നോട്ടം, ഒരുമാതിരി സുരേഷ് ഗോപി കമ്മിഷ്ണറായഭിനയിക്കുമ്പോ ചില കൂതറ പോക്കറ്റടിക്കാരെ നോക്കുന്ന പോലെ.
ഇനി വല്ല അനോണിയാണെന്ന് കരുതിയാണാവോ... എനിക്കൊരു ഡൌട്ട് “
ഇടി വീഴുന്നേന് മുന്നേ പറയാം
വിശാലന്‍ ചേട്ടനല്ലേ...? ചേട്ടാ ഞാന്‍ പാണ്ടവാസ് ....
ആ.... വാ... വാ എന്തേ നേരാം വൈക്യേ.....
കേറി വാ..ട്ടാ.
പടി കേറാന്‍ തുടങിയ്പ്പോ ഒരു ബോര്‍ഡ്
“ഡാന്‍സ് ഹാള്‍ “
ങേ.... മനസ് ആ ബോര്‍ഡിലുടക്കി
ദുഫായില്‍ വന്ന അന്ന് മുതല്‍ കേള്‍ക്കുന്നതാ ഈ ഡാന്‍സ് ബാര്‍, ഡാന്‍സ് ബാര്‍ എന്ന്
ഇതിനകത്താണോ പരിപാടി..!!!
ആയിരിക്കും. പുസ്തക പ്രകാശനം കഴിഞ് “ജ്വാല” കളുടെ കൂട്ട ഡാന്‍സും ഉണ്ടാവോ എന്റെ മുത്തീ.
ഹൊ..
ശശിയേട്ടാ ഉമ്മ ഉമ്മ.....
മനസില്‍ ഒടുക്കത്തെ സന്തോഷം,
സ്റ്റെപ്പുകളൊക്കെ ചാടിക്കേറി..
റിസപ്ഷനില്‍ ശ്രീഹരി.
മുന്നില്‍ വച്ചിരിക്കുന്ന രണ്ട് ലാപ് ടോപ്പില്‍ ഏത് ഞെക്കണം എന്ന ഡൌട്ട് മുഖത്തുണ്ടെങ്കിലും നല്ല ഭംഗിയായ് അവന്‍ എന്നെ നോക്കിയൊന്നു ചിരിച്ചു.
എനിക്ക് അത്രക്ക് ചിരിവന്നില്ല
ഇവിടെ രജിഷ്ട്രേഷന്‍ ചാര്‍ജ്ജ് വല്ലതും കൊടുക്കേണ്ടി വരോ എന്റെ മുത്തീ...
കയ്യിലാണേ ആകെ ഉള്ളത് ഒരു 10 ദിര്‍ഹമാ,,കടം പറയേണ്ടി വരോ
പണ്ടേ ദരിദ്രവാസി ഇപ്പോ ബ്ലോഗറും എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോ എങനെ ചിരിക്കും.
ഭാഗ്യം .
പേരും മൊബൈല്‍ നമ്പറുമല്ലാതെ മാ‍നം പോണ കാര്യങളൊന്നും അവന്‍ ചോദിച്ചില്ല.
അകത്ത് സിത്താർ വായന തകര്‍ക്കുന്നു.
ചുറ്റും നോക്കി പരിചയമുള്ള മുഖങളൊന്നുമില്ല.
പുറകിലായ് നില്‍ക്കുന്ന ഒരാള്‍ ഇട്യ്ക്കിടക്ക് കൈ പൊക്കി കാണിക്കുന്നു
ഇത് കൈപ്പിള്ളീയാശാന്‍ തന്നെ,ഉറപ്പ്
എന്താ... ഒരു ഗെറ്റപ്പ്...
കൂളിങ് ഗ്ലാസ്സ്, കയ്യില്‍ കിടിലന്‍ മൊഫീല്‍ ഫോണ്‍, പാന്റിന്റെ ഹുക്കില്‍ തൂങിയാടുന്ന കുറേ താക്കോലുകള്‍... മൊത്തത്തില്‍ മലയാളം പഠിക്കാന്‍ പറ്റാ‍ത്ത ഒരു തിരോന്തരംകാരന്റെ എല്ലാ ലക്ഷണങളുമുണ്ട്.
കൈപ്പിള്ളിയാശാനെ പരിചയപ്പെട്ട് തിരിഞു നടക്കുമ്പോ ഒരാള്‍ കഷ്ട്ടപ്പെട്ട് ഒരു ക്യാമറയും തൂക്കിപ്പിടിച്ച് വരുന്നു. എന്നെക്കണ്ടതും നല്ലോരു ചിരി ചിരിച്ചു.
മനസിലായോ...?
ഈശ്വരാ പെട്ടല്ലോ... എങനാ അറിയില്ലാന്ന് പറയാ...!!!!
എന്റെ മുഖഭാവം കണ്ടപ്പോ പുള്ളി കൈ കൊണ്ട് മുഖത്തിന്റെ പകുതി പൊത്തിപ്പിടിച്ചു
അയ്യോ ... പകല്‍കിനാവന്‍..!!!!

സ്റ്റേജിന്റെ മുന്നില്‍ മൈക്കും പിടിച്ച് കിച്ചു ച്ചേചി.
കല്ല്യാണ വീട്ടില്‍ ഒരു വല്ല്യേച്ചി ഓടിനടക്കുന്ന പോലെ എല്ലായിടത്തും ഓടി നടക്കുന്നു,

പിന്നെ കാര്യ പരിപാടിയായ പുസ്തക പ്രകാശനം നടന്നു.
നന്ദി പറയാന്‍ കൈതമുള്ളിനെ നോക്കിയപ്പോ പുള്ളിയെ അവിടെങും കാണാനില്ല്ല
ഇനി വല്ല ‘ജ്വാലയും വന്ന് റോയല്‍റ്റി വേണമെന്നും പറഞ് പ്രശനമുണ്ടാക്കിക്കാണുമോ എനിക്ക് ഡൌട്ടടിച്ചു.
ഇല്ല. വിശിഷ്ട്ടാതിഥിയെ യാത്രയയക്കാന്‍ പോയതാ..

പുസ്തകം പ്രകാശിപ്പിക്കപ്പെട്ടതിന്റെയാണോ എന്നറിയില്ല മനസിലാകെ ഒരു കുളിര്‍മ്മ
എനിക്ക് എന്നാണാവേ ഒരു ജ്വാലയെ പരിജയപ്പെടാന്‍ പറ്റാ..?
ഭക്ഷണം സെര്‍വ് ചെയ്യാന്‍ നില്‍ക്കുന്ന ഒരു സുന്ദരി ഫിലിപ്പിനോ കുട്ടി കണ്ണിലുടക്കി.
ഹൊ കൊള്ളാമല്ലോ.. മനസിലെ ആക്രാന്തത്തിന് കയ്യും കാലും വച്ചു.
അവളുടെ അടുത്ത് ചെന്ന് പതുക്കെ രണ്ടുവട്ടം “ജ്വാല, ജ്വാല“ എന്നു പറഞു
ചിരിച്ചുകൊണ്ടവളെനിക്ക് ഒരു കൊക്ക കോള എടുത്ത് തന്നു
സന്തോഷമായി ഗോപിയേട്ടാ...
ഒന്നും മിണ്ടാതെ ഒരു സൈഡീല്‍ പോയിരുന്നു.

തൊട്ടടുത്ത് നിന്ന് ഒരാള്‍ ബുള്‍ഗാന്‍ തടവുന്നു,
ഞാനൊന്ന് സൂക്ഷിച്ച് നോക്കി ആകെ മൊത്തം ഒരു അവലക്ഷണം കെട്ട നില്‍പ്പ്
ഒന്ന് പരിചയപ്പെടാം
ഹല്ലോ ഞാന്‍ പാണ്ടവസ്...കൈ നീട്ടി
ഞാന്‍ ഉഗാണ്ട...കയ്യിലിരുന്ന കാലി കോള ബോട്ടില്‍ എന്റെ കയ്യില്‍ തന്നു എന്നിട്ടൊരു കെട്ടിപ്പിടുത്തം ...ഹമ്മ
ഇങനെയാവും ഉഗാണ്ടയില്‍ സ്നേഹം പ്രകടിപ്പിക്കുന്നത്..
അപ്പോ മൈക്കിലൂടെ കൈപ്പിള്ളിയാശാന്റെ ശബ്ദം വന്നത്
ഭക്ഷണം ഹാളിന്റെ വലതു വശത്ത് സെര്‍വ് ചെയ്തു തുടങുന്നു എല്ലാവരും അങോട്ട് വരേണ്ടതാണ്
യുറേക്കാ.....
ലേഡീസ് ഫസ്റ്റ്,,,,ലേഡീസ് ഫസ്റ്റ് എന്നും പറഞ് മൈക്കും വലിച്ഛെറിഞ് കിച്ചു ച്ചേചി അങോട്ടോടുന്നു.
കിട്ടിയ വസരത്തില്‍ ശശിയേട്ടനെ പരിചയപ്പെട്ടു,

ഉഗ്രമായൊരു ശബ്ദത്തോടെ ഒരാള്‍ മുന്നില്‍ വന്നു
“ഞാന്‍ അഗ്രജന്‍” നീയാണല്ലേ സുമേഷിന്റെ അളിയന്‍...?
അതേ...” വിനയത്തോടെ ഞാന്‍ മൊഴിഞു
“അവന് അങനെ തന്നെ വേണം..”
ങേ.... ഞാന്‍ ഞെട്ടി
അവന്റെ അഹങ്കാരത്തിന് ദൈവം കൊടുത്ത ശിക്ഷയാടാ ഇത്..ഹി ഹീ.....

എനിക്ക് ദേഷ്യം വന്നു കണ്ണൂം മുഖവും ചുവന്നു...
ഞാന്‍ വേഗം മുന്നോട്ട് നടന്ന് ഭക്ഷണത്തിനടുത്തെത്തി....
തിളയ്ക്കുന്ന സമ്പാര്‍
ഉള്ളില്‍ അപമാനം
എന്റെ കണ്ണുകള്‍ പ്ലേറ്റിനു നേരെ നീണ്ടു...
നിറയെ ചോറും സാമ്പാറും കോരിയെടുത്തു എന്നിട്ടാ സൈഡില്‍ പോയിരുന്ന് വയറു നിറച്ച് കഴിച്ചു.
ഹൊ എന്തൊരാശ്വാസമായിരുന്നു.

വെയിലിന്റെ ചൂടില്ലാ‍ത്ത അന്തരീക്ഷം
പുറത്ത് ഞാനും, ഉഗണ്ടയും,കുട്ടേട്ടനും,വശംവദനുമെല്ലാം സൌഹ്ര്ദങള്‍ പങ്കുവെച്ചു.


നിധിന്റെ വയലിനും, അഭിരാമിക്കുട്ടിയുടെ പാട്ടും കൈപ്പിള്ളിയാശാന്റെ മാജിക്കല്‍ ഫോട്ടാഗ്രാഫി പ്രദര്‍ശനവുമെല്ലാം കണ്ട് അക്ഷരങളെ സ്നേഹിക്കുന്ന, മനസില്‍ നന്മ മാത്രമുള്ള ആ കൂട്ടുകാരോടൊപ്പമിരിക്കുമ്പോ എന്തെന്നില്ലാത്ത സന്തോഷം തോന്നി.


ഫോണില്‍ അച്ചായന്‍ കാളി.....
റാസല്‍ഖൈമയില്‍ പോണം നീ വേഗം വാ...
ആരോടും യാത്രപറയാന്‍ നിന്നില്ല അടുത്തിരുന്ന ശാന്തമായ മുഖമുള്ള വശംവദന്റെ മൊബൈല്‍ നമ്പര്‍ വാങി അവിടെ നിന്നിറങി.

ബസ്സിലിരിക്കുമ്പോ മനസിലോര്‍ത്തു ഇവരെല്ലാം എന്റെ ആരാണ്. എന്തുകൊണ്ടാണ് ഇവരോടെല്ലാം ഇത്ര സ്നേഹം തോനുന്നത്. രാവിലെ എന്നെ ഫോണില്‍ വിളിച്ച പേര് ഓര്‍മ്മയില്ലാത്ത ആ ബ്ലോഗര്‍ തുടങി വീര്‍ത്ത മുഖവും കുസ്രുതി കണ്ണുകളുള്ള കുട്ടേട്ടനും പിന്നെ കണ്ടയുടനെ കമ്പനിയായ ഉഗാണ്ട രണ്ടാമനും,പിന്നെ ബിനൊയിയും, വശംവദനും പുലികളായ വിശാലമനസ്ക്ന്‍,ഹരിയണ്ണന്‍ അഗ്രജന്‍,കൈപ്പിള്ളിയാശാന്‍,ശശിയേട്ടന്‍, വിത്സേട്ടന്‍, കിച്ചു ചേച്ചി, പകല്‍ കിനാവന്‍ അങനെ അങനെ ഒരുപാടു പേര്‍ മനസില്‍ വരച്ചിടുന്നത് സ്നേഹത്തിന്റെ ചിത്രങള്‍ മാത്രമായിരുന്നു.

ശശിയേട്ടനോട് മനസില്‍ നന്ദി പറഞു, കോഴിക്കോട് പ്രകാശനം നടകുന്ന അന്ന് എന്റെ മനസില്‍ തോന്നിയത് “വീട്ടില്‍ ഒരു കല്ല്യാണം നടക്കുമ്പോ വിദേശത്തായ ഒരാളുടെ അവസ്ഥയായിരുന്നു. ഒന്നോ രണ്ടോ പ്രാവശ്യം മാത്രം വിളിച്ച് പരിചയമുള്ള ശശിയേട്ടനോട് തോനുന്ന സ്നേഹം അദ്ദേഹത്തിന്റെ അക്ഷരങളിലൂടെയും സുമേഷളിയന്റെ വാക്കുകളിലൂടെയും കിട്ടിയതാണ്. പാന്റും ജുബയുമിട്ട് എല്ലായിടത്തും ഓടിനടന്ന് എല്ലാവരോടും കുശലം പറയുന്ന ആ ചെറിയ മനുഷ്യനോട് മനസില്‍ ഒരുപാട് അടുപ്പം തോന്നി. ശശിയേട്ടന്റെ “അമ്മായിഗുണ്ട്”
മനസിലേക്കോടിയെത്തി, ജ്വാലകളേക്കാള്‍ കൂടുതല്‍ എന്റെ മനസില്‍ തീ കോരിയിട്ടത് “ “അമ്മായിഗുണ്ടാണ്”അതിനെ ‘നരനെ ഞാന്‍ എവിടെയൊക്കെയോ കണ്ടിട്ടുണ്ട് എന്നില്‍ തന്നെ.

ദുബായ് നഗരത്തിലൂടെ ബസ്സ് ഓടിക്കൊണ്ടിരുന്നു. മനസില്‍ മുഴുവന്‍ മീറ്റില്‍ കണ്ട മുഖങളായിരുന്നു. അപ്പുറത്തെ സീറ്റില്‍ പുറത്തേക്ക് കണ്ണും നട്ടിരിക്കുന്ന ഒരു ചൈനീസ് പെണ്‍കുട്ടി.
തിളങുന്ന മുടിയിഴകള്‍
കണ്ണുകളീല്‍ തിളക്കം
ഇവളും ഒരു ജ്വാലയാണ്.... ഈ ബസ്സില്‍ നിന്നിറങുന്ന വരെയെങ്കിലും എന്റെയുള്ളില്‍ മിന്നല്‍പ്പിണറുകള്‍ പായിക്കാന്‍ ആ തിളങുന്ന കണ്ണൂകള്‍ക്കാവും, ഉറപ്പ്.

...........................................................................................................................................................